കൊടകര കുഴൽപ്പണ കേസ്; സതീഷിന്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട്: കെ.സുരേന്ദ്രൻ
Thursday, October 31, 2024 8:33 PM IST
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ടുള്ള തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോഴത്തെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.
പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസിയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളത്. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കൊടകര കുഴൽപ്പണ കേസിൽ പോലീസ് അന്വേഷിച്ചു ചാർജ് ഷീറ്റ് കൊടുത്തതാണ്.
ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിനെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യരെ ഹൃദയത്തിൽ ചേർത്തുനിർത്തിയതേ ഉള്ളൂ. എൻഡിഎ കൺവൻഷനിൽ വേദിയിൽ ഇരുന്നത് പ്രധാന ചുമതലക്കാർ മാത്രമാണ്.
ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിക്കുകയാണെന്നും ബിജെപിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കേണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.