നവീന്‍ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണസംഘം മലയാലപ്പുഴയിലെത്തും
Thursday, October 31, 2024 6:04 PM IST
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം മലയാലപ്പുഴയിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ മൊഴിക്കു പ്രാധാന്യം ഏറെയാണ്.
നേരത്തെ കണ്ണൂര്‍ ടൗണ്‍ പോലീസ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന് പ്രവീണ്‍ ബാബു എന്നിവരുടെ മൊഴി ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നു.
പ്രശാന്തിനെയും പ്രതി ചേര്‍ക്കണം
കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തിനെതിരേയും കേസെടുക്കണമെന്ന ആവശ്യവുമായി നവീന്റെ ബന്ധുക്കള്‍ അന്വേഷണ സംഘത്തെ കാണും. ദിവ്യയുടെ ആരോപണം മുതല്‍ നവീന്‍ ബാബുവിന്റെ മരണം വരെ എല്ലാറ്റിനും കാരണമായത് പ്രശാന്തിന്റെ പെട്രോള്‍ പമ്പും എന്ഒസിയുമാണ്.
കണ്ണൂര്‍ പോലീസില്‍ നല്കിയ ആദ്യ പരാതിയില്‍ തന്നെ പ്രശാന്തിന്റെ പേര് നവീന്റെ കുടുംബം പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം ദിവ്യയില്‍ മാത്രം ഒതുങ്ങി.
രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് പ്രശാന്തിലേക്ക് നീങ്ങാത്തത് സംശയകരമാണെന്ന് നവീന്റെ ബന്ധു ഹരീഷ് കുമാര്‍ പറഞ്ഞു. പ്രശാന്തിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാല്‍ പമ്പിന് പിന്നിലെ കഥകള്‍ പുറത്തുവരും.
കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദൂരീകരിക്കണമെന്ന് പത്തനംതിട്ട സിപിഎം
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദൂരീകരിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ഇതേവരെയുള്ള നടപടികളില്‍ കുടുംബം തൃപ്തരാണ്. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
തലയ്ക്കു വെളിവില്ലാത്തവരാണ് മലയാലപ്പുഴക്കാരെന്ന് ആരും കരുതേണ്ട: മോഹനന്
നവീന്‍ ബാബുവിന്റെ മരണത്തില്‍ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗവും സിഐടിയു സംസ്ഥാന സമിതിയംഗവുമായ മലയാലപ്പുഴ മോഹനന് പറഞ്ഞു.
പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പറയും. സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. തലയ്ക്ക് വെളിവില്ലാത്തവരാണ് മലയാലപ്പുഴക്കാരെന്ന് ആരും കരുതേണ്ട. സത്യം അന്വേഷിച്ചു പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നവീന്‍ ബാബുവിന്റെ മരണശേഷം ശക്തമായ പ്രതിഷേധവുമായി ആദ്യം രംഗത്തുവന്ന നേതാവാണ് മലയാലപ്പുഴ മോഹനന്.