സഞ്ജു ഉൾപ്പെടെ നാലു താരങ്ങളെ നിലനിർത്താൻ രാജസ്ഥാന് റോയല്‍സ്
Thursday, October 31, 2024 2:57 PM IST
ജയ്പുർ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് അടക്കം നാലു പ്രമുഖ താരങ്ങളെ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ.
സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നിവരെയാണ് രാജസ്ഥാന് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക രാജസ്ഥാന് റോയല്‍സ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി 16 മത്സരങ്ങളില്‍ നിന്നു 48.27 ശരാശരിയിൽ 531 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സ്ട്രൈക്ക് റേറ്റ് 153.47 ആണ്. മൂന്ന് അര്‍ധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
നാല് അർധസെഞ്ചുറി ഉൾപ്പെടെ 573 റൺസ് നേടിയ റിയാൻ പരാഗ് സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമനാണ്. സീസണിൽ ഓരോ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ യശസ്വി 225 റൺസ് സ്വന്തമാക്കി. അതേസമയം, സന്ദീപ് ശർമ 11 മത്സരങ്ങളിൽ, രാജസ്ഥാനായി 13 വിക്കറ്റുകളാണ് പിഴുതത്.
ഈ നാല് പേരെ മാത്രം നില്നിര്ത്തിയാല് മെഗാ ലേലത്തില്‍ രണ്ട് റൈറ്റു ടു മാച്ച് കാര്‍ഡ് രാജസ്ഥാന് ഉപയോഗിക്കാം. അതേസമയം, ജോസ് ബട്ലര്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ട്രെന്റ് ബോള്‍ട്ട്, ആര്. അശ്വിന് തുടങ്ങി നിരവധി പ്രമുഖരെ ടീം റിലീസ് ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐപിഎല്‍ 2025 നു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ബിസിസിഐയ്ക്ക് ഇന്നു വൈകുന്നേരം അഞ്ചിനു മുന്‍പ് ടീമുകള്‍ പട്ടിക നല്‍കണം.
ഒരു ടീമിന് പരമാവധി ആറ് താരങ്ങളെ വരെ നിലനിർത്താം. പരമാവധി അഞ്ച് ക്യാപ്ഡ് താരങ്ങളെയും രണ്ട് അൺക്യാപ്ഡ് താരങ്ങളെയുമാണ് നിലനിർത്താനാകുക. ലേലത്തിൽ ഒരു ടീമിന് പരമാവധി 120 കോടി രൂപയാണ് ഉപയോഗിക്കാനാകുക. ഡിസംബറിലാണ് മെഗാ ലേലം.