"കളക്ടർ പറയുന്നത് കള്ളം': നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് നവീന്റെ ഭാര്യ മഞ്ജുഷ
Thursday, October 31, 2024 2:20 PM IST
പത്തനംതിട്ട: എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ കെ. മഞ്ജുഷ. കളക്ടറോട് നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമില്ല. കളക്ടർ പറയുന്നതു നുണയാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കളക്ടര്‍. അതിനാൽ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ട്രേറ്റിലെ ആരും വിശ്വസിക്കില്ല. നവീൻ ബാബുവിന് ഒരു കാര്യവും പങ്കുവയ്ക്കാൻ പറ്റിയ ആളല്ല കളക്ടർ. അത്തരത്തിൽ നവീൻ ഒരു കാര്യവും തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ലെന്നും മഞ്ജുഷ മാധ്യമങ്ങളോടു പറഞ്ഞു.
കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ലെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.
‘തനിക്കു തെറ്റു പറ്റി’യെന്ന് നവീൻ ബാബു തന്നോടു പറഞ്ഞെന്ന് കണ്ണൂർ കളക്ടർ നൽകിയ മൊഴി പുറത്തു വന്നിരുന്നു.