ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു
Thursday, October 31, 2024 1:16 PM IST
ബംഗളൂരു: ബിപിഎൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു. രാവിലെ ബംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
1963-ലാണ് മലയാളിയായ ടി.പി. ഗോപാല്‍ നമ്പ്യാര്‍ പാലക്കാട്ട് ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. പിന്നീട് ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റ് ആസ്ഥാനമാക്കി പ്രവർത്തനം വിപുലീകരിച്ചു.
പ്രതിരോധ സേനകൾക്കുള്ള പ്രിസിഷൻ പാനൽ മീറ്ററുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് തിരിഞ്ഞു.
1990-കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണനിർമാണ രംഗത്തെ അതികായരായി വളർന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ നിർമാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎൽ. ടിവി, ഫോണ്‍ മേഖലകളിലെ ആധിപത്യം ബിപിഎല്‍ കമ്പനിയെ ഇന്ത്യയിലെ ആദ്യ 10 മുന്‍നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.