മുരളീധരൻ നിയമസഭയിലെത്തുന്നത് സതീശൻ ഭയപ്പെടുന്നു: എം.വി. ഗോവിന്ദൻ
Thursday, October 31, 2024 12:24 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കെ. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ വി.ഡി. സതീശൻ ഭയപ്പെടുന്നതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മുരളീധരൻ നിയമസഭയിലെത്തിയാൻ തന്റെ അപ്രമാദിത്വം തകരുമെന്നത് മറ്റാരേക്കാളും അറിയുന്നത് സതീശനാണെന്നും സിപിഎം മുഖപത്രത്തിൽ "യുഡിഎഫ്-ബിജെപി ഡീൽ പൊളിയും' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ എം.വി.ഗോവിന്ദൻ ആരോപിക്കുന്നു.
പാലക്കാട്ടെ സരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ചുള്ള അടവ് നയമാണെന്നും എം.വി. ഗോവിന്ദൻ പറയുന്നു. ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന സ്ഥാനാർഥിയല്ല രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് കോൺഗ്രസ് നേതാക്കൾതന്നെ പറയുന്നത്.
പ്രാഥമികമായി നേതൃത്വം സമർപ്പിച്ച മൂന്നുപേരുടെ ലിസ്റ്റിൽ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ. മുരളീധരൻ, ഡോ. പി. സരിൻ, വി.ടി. ബൽറാം എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡിസിസിയുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരാളെ അടിച്ചേൽപ്പിക്കുകയാണ് വി.ഡി. സതീശനും കൂട്ടരും ചെയ്തതെന്ന് ഇത് വ്യക്തമാക്കുന്നു.
സതീശന്റെ അടുത്ത ആളായാൽ മാത്രമേ സ്ഥാനാർഥിത്വം ലഭിക്കൂ എന്ന സ്ഥിതിയെന്നാണ് നേതാക്കളുടെ അടക്കം പറച്ചിൽ. ഈ ഘട്ടത്തിലാണ് കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് കാട്ടി പാലക്കാട്ടെ എട്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് കത്തയയ്ക്കുന്നത്.
കോൺഗ്രസിലെ ഒരു വിഭാഗം കടുത്ത അമർഷത്തിലാണ്. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. ഈ ഡീൽ പാലക്കാട് ജില്ലാ കോൺഗ്രസ് ഘടകത്തിൽ വൻ പൊട്ടിത്തെറി സൃഷ്ടിച്ചുവെന്നും ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു.