പാലക്കാട്ട് മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നു: കെ.സി. വേണുഗോപാൽ
Thursday, October 31, 2024 11:47 AM IST
തിരുവനന്തപുരം: കെ. മുരളീധരനെ പാലക്കാട്ട് സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നു പറയുന്നവരും ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പാലക്കാട് മണ്ഡലത്തിൽ കെ. മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കെ.സി.വേണുഗോപാൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോടുകൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്നും കൂട്ടിച്ചേർത്തു.
അതേസമയം കത്ത് പുറത്തു വന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും കെ.സി.വേണുഗോപാൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വി.ഡി. സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
""ഈ പാർട്ടിയിൽ വേണുഗോപാലിനോ, സതീശനോ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. ഒരു നേതാവ് വിചാരിച്ചാൽ മാത്രം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനാകില്ല. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്. എനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ല''- കെ.സി. വേണുഗോപാൽ പറയുന്നു.
പ്രിയങ്ക വരുന്നതോടെ പാർലമെന്റിൽ ഇന്ത്യ സഖ്യം സുസജ്ജമാകും. ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കാൻ ഫാക്ടറി നടത്തുകയാണ് ബിജെപി. അവരോടൊപ്പം ചേർന്നാണ് വൺഡേ സുൽത്താനയെന്ന് പി. ജയരാജൻ പ്രിയങ്കയെ വിളിച്ചത്. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് വ്യക്തമാണ്. പെട്രോൾ പമ്പ് അനുവദിച്ചതിലെ ബെനാമി ഇടപാട് കേന്ദ്ര സർക്കാർ അന്വേഷിക്കുന്നതാണ് നല്ലതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.