സുരേഷ് ഗോപി നല്ല നടനാണ്, പക്ഷേ എപ്പോഴും അഭിനയിച്ചാൽ ജനം ചോദിക്കും: ബിനോയ് വിശ്വം
Thursday, October 31, 2024 11:41 AM IST
കൊച്ചി: സുരേഷ് ഗോപി നല്ല നടനാണെന്നും എന്നാൽ എപ്പോഴും അഭിനയിച്ചാൽ ഓർമയുണ്ടോ ഈ മുഖമെന്ന് ജനങ്ങൾ ചോദിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഈ മുഖം ഓർമയുണ്ട്. ആ മുഖത്തിന് സിനിമയുടെ അസ്ഥയിൽനിന്ന് മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയുണ്ടെങ്കിൽ അതിന്റെ കാരണവും സുരേഷ് പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
രോഗികളുടെ ചികിത്സയ്ക്കുവേണ്ടി, ജീവൻ രക്ഷിക്കാൻ വേണ്ടി, ആശുപത്രികൾക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തേണ്ട ആംബുലൻസ് ഏതൊരാളും രാഷ്ട്രീയമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാൽ അത് നിരുപയോഗമാണ്.
ആ ദുരുപയോഗത്തിന്റെ പ്രതി അന്നത്തെ സ്ഥാനാർഥിയും ഇന്നത്തെ എംപിയുമായ സുരേഷ് ഗോപിയാണ്. അതേപ്പറ്റി ബിജെപിയുടെ തൃശൂർ നേതൃത്വം എന്ത് പറഞ്ഞുവെന്ന് രേഖകളിൽ ഉണ്ട്.
ബിജെപി നേതാക്കൾ പറയുന്നത് തങ്ങളാണ് സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചതെന്നാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.