ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ശക്തികൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
Thursday, October 31, 2024 11:37 AM IST
അഹമ്മദാബാദ്: ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ശക്തികൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെക്കുറിച്ച് ലോകത്ത് മോശം പ്രതിച്ഛായ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. അവർ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുകയാണ്, അവർ വികസിത ഇന്ത്യക്ക് എതിരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിലാണ് മോദിയുടെ പരാമർശം.
ദേശീയ ഐക്യദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ഏകതാ ദിവസ് പരേഡും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, വിവിധ സേനകൾ, എൻസിസി കേഡറ്റുകൾ, മാർച്ചിംഗ് ബാൻഡ് എന്നിവർ പരേഡിൽ അണിനിരന്നു.
ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ ‘സൂര്യ കിരൺ’ ഫ്ലൈപാസ്റ്റ്, ബിഎസ്എഫ്- സിആർപിഎഫ് ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ ഇന്ത്യൻ ആയോധന കലകളുടെ പ്രദർശനം, സ്കൂൾ കുട്ടികളുടെ ബാൻഡ് പ്രകടനം എന്നിവയും അരങ്ങേറി.