ആഹ്ലാദനിറവിൽ ചങ്ങനാശേരി അതിരൂപത; പുതിയ ഇടയനായി മാർ തോമസ് തറയിൽ
Thursday, October 31, 2024 10:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്നു രാവിലെ 8.45ന് വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ എത്തിച്ചേർന്നു.
അവിടെനിന്നു ബിഷപ്പുമാര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തി. തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിച്ചു. തുടർന്ന് ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി മാര്‍ തോമസ് തറയിലിന്റെ നിയമനപത്രം വായിച്ചു.
സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനും മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.
പ്രധാന തിരുക്കർമങ്ങൾക്കു തുടക്കംകുറിച്ച് പ്രധാന കാർമികനായ മേജർ ആർച്ച് ബിഷപ് ദൈവസന്നിധിയിൽ മുട്ടുകുത്തി നില്ക്കുന്ന നിയുക്ത മെത്രാപ്പോലീത്തായുടെ ശിരസിൽ വലതുകരം ചേർത്തുവച്ച് ശുശ്രൂഷ ഏല്പിക്കലിന്റെ പ്രാർഥന ചൊല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കൈവയ്പ്പ് പ്രാർഥനകൾക്കു ശേഷം മദ്ബഹായിൽ ആചാരം ചെയ്ത് എഴുന്നേറ്റ നവ മെത്രാപ്പോലീത്ത ആർച്ച് ഡീക്കനാൽ സംവഹിക്കപ്പെടുന്ന മുടി ധരിക്കുകയും അംശവടി കൈയിൽ പിടിക്കുകയും ചെയ്തു.
തുടർന്ന് രൂപതാ മെത്രാനു വേണ്ടി പ്രത്യേകം വേർതിരിച്ചിരിക്കുന്ന ഇരിപ്പിടത്തിലേക്ക് ശുശ്രൂഷ ഏറ്റെടുത്ത മെത്രാപ്പോലീത്തായെ പ്രധാന കാർമികനും സഹകാർമികനും ചേർന്ന് ആനയിച്ച് ഇരുത്തി.
അനന്തമായ ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട് തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം വിശ്വസ്തതയോടെ നിറവേറ്റാനും അതിരൂപതയിലെ വൈദിക ഗണത്തോടൊപ്പം ദൈവജനത്തെ വിവേകത്തോടെ നയിക്കാനും തന്നെ ശക്തനാക്കണമെന്നും നവമെത്രാപ്പോലീത്താ പ്രാർഥിച്ചു.
ശുശ്രൂഷ ഏറ്റെടുത്ത മെത്രാപ്പോലീത്തായെ സഭ മുഴുവന്റെയും പ്രാർഥനയും ആശംസയും അറിയിച്ചുകൊണ്ട് തിരുക്കർമത്തിൽ സന്നിഹിതരായ മെത്രാന്മാർ അനുമോദിക്കുകയും അദ്ദേഹത്തിന്റെ കൈസ്ലീവാ ചുംബിക്കുകയും ചെയ്തു. തുടർന്ന് ചങ്ങനാശേരി അതിരൂപതയുടെ വൈദിക സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് 18 ഫൊറോനകളിലെയും വികാരിമാർ മെത്രാപ്പോലീത്തയോട് വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് കൈസ്ലീവാ ചുംബിച്ചു.
ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ആദര സൂചകമായി ദേവാലയമണികള്‍ മുഴക്കി, ആചാരവെടികളും ഉയർന്നു. തുടർന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസാസന്ദേശം നല്കി.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനമധ്യേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി സന്ദേശം നല്കി.
മാര്‍ തോമസ് തറയിലിനെ അനുമോദിക്കുന്നതിനും വിരമിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനത്തിനുമായി 11.45നു പൊതുസമ്മേളനം നടക്കും. ഫാ. തോമസ് തൈക്കാട്ടുശേരിയും സംഘവും ആശംസാഗാനം ആലപിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും ചേര്‍ന്ന് ദീപം തെളിക്കും. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ സ്വാഗതം ആശംസിക്കും.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്നിവര്‍ അനുമോദനം അര്‍പ്പിക്കും. അതിരൂപതയുടെ ഒന്‍പതാമത് ബിഷപ്പും അഞ്ചാമത് ആര്ച്ച്ബിഷപ്പുമാണ് മാര്‍ തോമസ് തറയില്‍.
Read Also: ചങ്ങനാശേരിക്ക് പുതിയ ഇടയൻ (Special Page)