കാമുകൻ പീഡിപ്പിച്ച 16കാരി ഗർഭിണി; ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നിഷേധിച്ചു
Thursday, October 31, 2024 1:59 AM IST
കൊച്ചി: ബലാത്സംഗത്തിന് ഇരയായ 16കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗര്‍ഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ രക്ഷിതാക്കള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.അപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ചയും അഞ്ച് ദിവസവും ആയിരുന്നു പ്രായം.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കള്‍ ഈ മാസം 22നാണ് ഹൈക്കോടതിയെ സമീപിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ട് പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. കുട്ടിയെ ദത്തുനല്‍കാന്‍ അതിജീവിതയുടെ വീട്ടുകാര്‍ക്കു താല്പര്യമാണെങ്കില് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടു ജസ്റ്റീസ് വിജി അരുണ്‍ നിര്‍ദേശിച്ചു.