ബലാത്സംഗ കേസ്: യുഎഇയിൽ നിന്നു പിടികൂടിയ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
Wednesday, October 30, 2024 8:54 PM IST
കോട്ടയം: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുഎഇയിൽ നിന്നു പിടികൂടിയ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യ ഖാൻ (45) എന്നയാളെയാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കോട്ടയം ശിക്ഷിച്ചത്.
ജഡ്ജ് മിനി.എസ്.ദാസ് ആണ് വിധി പ്രസ്താവിച്ചത്. വീടുകളിൽ പാത്രക്കച്ചവടവുമായി നടന്നിരുന്ന ഇയാൾ 2008ലാണ് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പാലായിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.
കേസിൽ പാലാ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളുടെ ഭാര്യയുടെ വിലാസത്തിൽ പുതിയ പാസ്പോർട്ട് സംഘടിപ്പിച്ചാണ് വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്നിരുന്നത്.
അന്നത്തെ പാലാ ഡിവൈഎസ്പി ആയിരുന്ന തോമസ് എ.ജെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തെരച്ചിലിലാണ് ഇയാൾ യുഎഇ യിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും യുഎഇ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിന്നീട് പാലാ ഡിവൈഎസ്പി സദൻ.കെ യുടെ നേതൃത്വത്തിൽ യുഎഇയിലെത്തിയ പോലീസ് സംഘം ഇന്റർ പോളിന്റെ സഹായത്തോടെ ഇന്ത്യയിൽ എത്തിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സണ്ണി ജോർജ് ചാത്തുകുളം, അഡ്വക്കേറ്റ് സിറിൾ തോമസ് പാറപ്പുറം എന്നിവർ ഹാജരായി.