ചിറ്റഗോംഗ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് തകര്‍ച്ച
Wednesday, October 30, 2024 7:32 PM IST
ചിറ്റഗോംഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 575 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നാല് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്.
ആറ് റൺസെടുത്ത മൊനിമുള്‍ ഹഖും നാല് റൺസുമായി നായകൻ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ആണ് ക്രീസിലുള്ളത്. ഷദ്മാന്‍ ഇസ്ലാം(0), മഹ്മദുള്‍ ഹസന് ജോയ്(10), സാകിര്‍ ഹസന്(2), ഹസന് മഹ്മൂദ്(3) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു. കേശവ് മഹാരാജും ഡെയ്ൻ പാറ്റേർസണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനിടെ സെനെരന് മുത്തുസാമി പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടിയതിന് ദക്ഷിണാഫ്രിക്കക്ക് അമ്പയര്‍മാര്‍ 5 റണ്‍സ് പെനല്‍റ്റി വിധിച്ചിരുന്നു. റബാഡ എറിഞ്ഞ ബംഗ്ലാദേശ് ഇന്നിംഗ്സിലെ ആദ്യ പന്ത് വൈഡും ബൗണ്ടറിയും ആയതോടെ ബാറ്റര്‍ ആദ്യ പന്ത് നേരിടും മുമ്പെ ബംഗ്ലദേശ് സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സെത്തിയിരുന്നു.
നേരത്ത മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടതോടെ ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്നലെ സെഞ്ചുറി നേടിയ ടോണി ഡി സോര്‍സിക്കും(177) ട്രിസ്റ്റൻ സ്റ്റബ്സിനും(106) പുറമെ ഇന്ന് വിയാന്‍ മുള്‍ഡര്‍(105*) കൂടി സെഞ്ചുറി നേടി.
ഒരു ടെസ്റ്റില്‍ മൂന്ന് ബാറ്റര്‍മാര്‍ ആദ്യ സെഞ്ചുറി നേടുന്നത് 1948നുശേഷം ഇതാദ്യമായാണ്.