പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നെന്ന് വെള്ളാപ്പള്ളി
Wednesday, October 30, 2024 5:27 PM IST
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമര്‍ശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുകയാണ്. കോണ്‍ഗ്രസിലെ തമ്മിൽ തല്ല് കാരണം എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര.
എൽഡിഎഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുക. കോണ്‍ഗ്രസിലെ അനൈക്യം എൽഡിഎഫിന് ഗുണം ചെയ്യും. കോൺഗ്രസിനോട് വിരോധമില്ല. എന്നാൽ, ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുകയാണ്.
സുധാകരൻ പറയുന്നതിന്റെ എതിര് മാത്രമാണ് സതീശൻ പറയുക. സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോൺഗ്രസിനെ നയിക്കുന്നത്. സതീശൻ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.