എഡിഎമ്മിന്റെ മരണത്തിൽ ജില്ലാ കളക്ടറെകൊണ്ട് മലക്കം മറിയിപ്പിച്ചുവെന്ന് കെ.സി. വേണുഗോപാൽ
Wednesday, October 30, 2024 2:58 PM IST
പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തിയെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെ.സി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കളക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തിൽ സെൽ ഭരണം നടത്തുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കുന്നത്.
പത്ത് വർഷമായി കേരളത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ട്. കത്ത് വിവാദത്തിൽ പാലക്കാട് ഡിസിസിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. പാർട്ടിയിൽ ഇത്ര ഐക്യം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.