ആര്യാ രാജേന്ദ്രനെതിരേ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല; യദുവിന്റെ ഹര്‍ജി തള്ളി
Wednesday, October 30, 2024 1:49 PM IST
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെതിരേ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കെഎസ്ആര്‍ടി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
മേയറും താനും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. മൂന്ന് മാസത്തില്‍ ഒരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യദു കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു.
സംഭവത്തില്‍ ഒരു സ്വാധീനത്തിനും വഴങ്ങാത്ത അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കാലതാമസം വരുത്തരുത്. ഒന്നും രണ്ടും പ്രതികളായ മേയര്‍ ആര്യാ രാജേന്ദ്രനില്നിന്നോ സച്ചിന് ദേവ് എംഎല്എയില്നിന്നോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം അന്വേഷണത്തില്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.
കോടതി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് യദുവിന്റെ അഭിഭാഷകന് അറിയിക്കുകയായിരുന്നു.