‘നിങ്ങളുടെ വോട്ട് വാങ്ങി ജയിച്ചവരെ പിടിച്ചുനിർത്തി ചോദിക്കണം; തീറ്റ കിട്ടുന്നതിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപര്യം’
Wednesday, October 30, 2024 1:28 PM IST
കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും രൂക്ഷവിമർശനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ നിലപാടിനെ കുറിച്ച് താന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവർക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിർത്തിക്കൊണ്ടിരിക്കുന്നത്. അത് അവർക്ക് തിരിച്ചുപിടിച്ചേ പറ്റു. പക്ഷേ ജനങ്ങളുടെ കണ്ണീർ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാൻ അവരുടെ ശത്രുവല്ല. അവർ എന്റെയും ശത്രുവല്ല. എന്താണ് ശുദ്ധമായ മാധ്യമ പ്രവർത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേന്ദ്രമന്ത്രിയെത്തിയത്. മുനമ്പത്ത് നടക്കുന്ന അധർമം ചെറുക്കുമെന്നും താനും കേന്ദ്ര സർക്കാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലോക്സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നൽകും. സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്നം പരിഹരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മുനമ്പത്തിന് വേണ്ടി എന്ന് പറഞ്ഞ് ഈ സമരത്തെ കുറച്ച് കാണരുത്. രാജ്യത്ത് സമാനരീതിയിൽ പിച്ചിച്ചീന്തപ്പെടുന്നവർക്ക് വേണ്ടിയാകണം സമരം. അധർമത്തിനെതിരെയാകണം സമരമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഭരണ-പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. നിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിർത്തി ചോദ്യം ചെയ്യണം. ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. രാജിവച്ച് പോകാൻ പറയണമെന്നും ഒരു രാഷ്ട്രീയത്തിന്റെയും ചായ്വോടെയല്ല പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.