വ്യക്തിഹത്യയാണ്.., ലൈംഗികാരോപണ പരാതിയിൽ കോട്ട തീർത്ത് രാജു
Wednesday, October 30, 2024 1:03 PM IST
കരുനാഗപ്പള്ളി: ലൈംഗിക ആരോപണ പരാതിയിൽ പ്രതികരണവുമായി കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു. പരാതിക്കാരിയുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ലെന്ന് രാജു പറഞ്ഞു. വ്യക്തിഹത്യ ലക്ഷ്യമിട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം പൂർത്തിയാകുന്പോൾ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരി ചിലരുടെ ആയുധമാകുകയാണ്. പരാതിയുടെ പിന്നിൽ ആളുകളുണ്ടെന്നും രാജു പറഞ്ഞു. രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയാണ് പരാതി നൽകിയത്.
ഒരുവർഷമായി ചെയർമാൻ നിരന്തരമായി മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് പരാതി. വഴങ്ങാതിരുന്നതിനാൽ വൃക്കരോഗിയായ തന്റെ ഭർത്താവിന്റെ മുഴുവൻ ചികിത്സ ചെലവും ഏറ്റെടുത്തുകൊള്ളാമെന്ന് പറഞ്ഞും പീഡനത്തിന് മുതിര്‍ന്നുവെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് യുവതിയുടെ പരാതി.