രേണുകാസ്വാമി വധക്കേസ്; കന്നഡ നടന് ദർശന് ഇടക്കാല ജാമ്യം
Wednesday, October 30, 2024 12:15 PM IST
ബംഗളൂരു: ഫാർമസി ജീവനക്കാരൻ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പര്‍താരം ദര്ശന് ഗൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ആറാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്.
നട്ടെല്ലിന് ശസ്ത്രക്രിയയ്ക്കുവേണ്ടി ജാമ്യം നല്‍കണമെന്ന് കാട്ടി ദര്ശന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ, സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് വിചാരണ കോടതി നടന് ജാമ്യം നിഷേധിച്ചിരുന്നു. ദർശൻ, നടി പവിത്ര ഗൗഡ, നാഗരാജ്, ലക്ഷ്മൺ എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.
ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ കഴിഞ്ഞ ജൂൺ എട്ടിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് കേസ്. പവിത്ര ഗൗഡയെക്കുറിച്ച് സമൂഹ മാധ്യമത്തിൽ അപകീർത്തി പരാമർശം നടത്തിയതിനെ തുടർന്നാണ് രേണുകസ്വാമി കൊല്ലപ്പെട്ടത്.
രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും മറ്റ് പ്രതികളെയും പ്രേരിപ്പിച്ചത് പവിത്രയാണെന്ന് ബംഗളുരു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.