സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് ഒഴിവാക്കുന്നു; അവകാശലംഘന പരാതി നൽകി ചാണ്ടി ഉമ്മൻ
Wednesday, October 30, 2024 11:55 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്നും പൊതുപരിപാടികളിൽനിന്നും തന്നെ ഒഴിവാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മൻ സ്പീക്കർക്ക് അവകാശലംഘന പരാതി നൽകി. സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽനിന്ന് ബോധപൂർവം അവഗണിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിക്കും അദ്ദേഹം പരാതി നൽകി. സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് തന്നെ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം കോട്ടയം മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മന്‍ വേദിയിലെത്തി പ്രകടമാക്കിയത്.
ഇക്കാര്യത്തില്‍ പ്രതിഷേധമറിയിച്ച് അദ്ദേഹം നേരത്തെ സ്പീക്കര്‍ എ.എന്‍. ഷംസീറിന് കത്തയച്ചിരുന്നു. പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നുമായിരുന്നു ചാണ്ടി നല്കിയ കത്തില്‍ സൂചിപ്പിച്ചത്. എന്നിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കലോത്സവത്തില്‍ ക്ഷണിക്കാതെ തന്നെ പ്രതിഷേധ സൂചകമായി ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്.
വേദിയിലെത്താന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും ചാണ്ടി ഉമ്മന്‍ സദസില്‍ തന്നെ ഇരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എംഎല്‍എ മണ്ഡലത്തിലില്ല എന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്നാണ് സംഘാടകര്‍ പറയുന്ന ന്യായം. എന്നാല്‍ തന്നെയാരും വിളിച്ചിട്ടില്ലെന്നും മനഃപൂര്‍വം ക്ഷണിക്കാതിരുന്നതാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.