ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്
Wednesday, October 30, 2024 10:13 AM IST
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ച ബസിൽ പോലീസ് പരിശോധനയും നടത്തി. ഉടൻ റിപ്പോർട്ട് നൽകും.
തീപിടിത്തം കെഎസ്ആർടിസിയും അന്വേഷിക്കുന്നുണ്ട്. റീജണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ പി. അബൂബക്കർ, എറണാകുളം ഡിപ്പോ എൻജിനീയർ എസ്. സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ബസ് പരിശോധിച്ചത്.
ബസ് നിർമാണകമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് തന്നെയാണെന്നാണ് കെഎസ്ആർടിസിയുടെയും പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഇരുപത്തഞ്ച് യാത്രക്കാരുമായി എറണാകുളം സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ബസാണ് കത്തിനശിച്ചത്. എറണാകുളം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ടുമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം.
ഡാഷ്ബോര്‍ഡില്‍ ഫയര്‍ അലര്‍ട്ട് സിഗ്നല്‍ കാണിച്ചയുടൻ ഡ്രൈവര്‍ വി.ടി. വിജേഷും കണ്ടക്ടര്‍ കെ.എം. രാജുവും വേഗം ബസില്‍നിന്നു പുറത്തിറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.
ആദ്യം എന്ജിന് ഭാഗത്ത് ഉയർന്ന തീ വളരെ പെട്ടെന്ന് ബസിനുള്ളിലേക്ക് ആളിപ്പടരുകയായിരുന്നു. ഇതോടെ ബസിന്റെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വയറിംഗ് കിറ്റ് പൂര്‍ണമായും കത്തിനശിച്ചു. പകുതിയിലേറെ സീറ്റുകളും അഗ്നിക്കിരയായിരുന്നു.