കേരളത്തിലേയ്ക്ക് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം: തമിഴ്നാട്ടിൽ മൂന്ന് പേർ പിടിയിൽ
Wednesday, October 30, 2024 4:02 AM IST
ചെന്നൈ: കേരളത്തിലേയ്ക്ക് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമച്ച മൂന്ന് പേർ തമിഴ്നാട്ടിൽ പിടിയിൽ. തേനി ജില്ലയിലെ ഗൂഡല്ലൂർ സ്വദേശികളായ നടരാജൻ, പ്രഭു, ലോവർ ക്യാമ്പ് സ്വദേശി കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. 3 മുതൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കമ്പത്തു നിന്നും കുമളിയിലേക്ക് ഹാഷിഷ് ഓയിൽ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂവരും ഇരുചക്രവാഹനത്തിൽ ഹാഷിഷുമായി എത്തിയത്.
കുമളി വഴി കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് എത്തിച്ചു കൊടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഗൂഡല്ലൂർ-കുമളി ബൈപാസ് റോഡിൽ കാത്തുനിന്ന പൊലീസ് സംഘം ലഹരിക്കടത്തുകാരെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.