കടുത്ത ദാരിദ്രം; പിഞ്ചു കുഞ്ഞിനെ പിതാവ് 30,000 രൂപയ്ക്ക് വിറ്റു
Wednesday, October 30, 2024 12:15 AM IST
ദിസ്പുർ: ആസാമിൽ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 30,000 രൂപയ്ക്ക് വിറ്റു. കുഞ്ഞിനെ ശിശുക്ഷേമ സമിതി (CWC) ഇടപെട്ട് ഒരു ഡോക്ടറുടെ വീട്ടിൽ നിന്നും രക്ഷപെടുത്തി. ആസാമിലെ ധേമാജി ജില്ലയിലാണ് സംഭവം. പട്ടിണിയെ തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോർട്ട്.
കുഞ്ഞിന്റെ മാതാപിതാക്കൾ, കുഞ്ഞിനെ വാങ്ങിയയാൾ, ഇടനിലക്കാർ എന്നിവർക്കെതിരെ സിലപഥർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ജില്ലാ സിഡബ്ല്യുസി ചെയർപേഴ്സൺ രൂപാലി ദേക ബോർഗോഹൈൻ പറഞ്ഞു.
ഒക്ടോബർ നാലിന് ദിബ്രുഗഡിലെ ആസാം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുട്ടി ജനിച്ചത്. എന്നാൽ മാതാപിതാക്കളായ ബുദ്ധിമാൻ ബോറയും സബിത ബോറയും ജനിച്ചയുടൻ സ്ഥലത്തു നിന്നും മുങ്ങി.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ ധേമാജിയിലെ ചൈൽഡ് ഹെൽപ്പ് ലൈൻ അന്വേഷണം നടത്തി മാതാപിതാക്കളെ കണ്ടെത്തി. സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാകാൻ കുഞ്ഞിന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടങ്കിലും അവർ തയാറായില്ല.
പിന്നീട് മാതാപിതാക്കൾ കുട്ടിയെ ആസാം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീണ്ടെടുത്ത് പെഗു സൊഹോറിയ എന്ന യുവതിക്കും ഭർത്താവിനും 30,000 രൂപയ്ക്ക് വിറ്റുവെന്ന് പോലീസ് കണ്ടെത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഡോ. ചന്ദ്രജിത് ഡോളി എന്നയാളുടെ ചിലപത്തറിലുള്ള വസതിയിൽ കുഞ്ഞുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ബുബുൾ ബോറ, ദിലീപ് സൈകിയ എന്നീ രണ്ട് പേർക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.