പകരം വീട്ടി; ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യയ്ക്ക്
Tuesday, October 29, 2024 9:39 PM IST
അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം.
സ്കോര്‍: ന്യൂസിലന്‍ഡ് 232 (49.5) ഇന്ത്യ 236-4(44.2 ). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232 റണ്‍സിന് എല്ലാവരും പുറത്തായി. 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 100 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത കിവീസിനോടുള്ള മധുരപ്രതികാരം കൂടിയായി ഏകദിന പരമ്പരയിലെ ജയം.
ന്യൂസിലന്‍ഡിനായി ബ്രൂക്ക് ഹാളിഡേ (86) ജോര്‍ജിയ പ്ലിമ്മര്‍(39), ഇസബെല്ല ഗേസ്(25), ലിയാ താഹുഹു(24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ദീപ്തി ശര്‍മ 39 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കത്തിലെ ഷഫാലി വര്‍മയെ(12) നഷ്ടമായിരുന്നു. 122 പന്തില്‍ 100 റണ്‍സെടുത്ത സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മടങ്ങി. 18 പന്തില്‍ 22 റണ്‍സെടുത്ത ജെമീമയെ വിജയത്തിന് ഒരു റണ്ണകലെ വീണു.
സോഫി ഡിവൈനിനെ ബൗണ്ടറി കടത്തിയ ഹര്‍മന്‍പ്രീത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കിവീസിനായി ഹന്ന റോവ് രണ്ടും സോഫി ഡിവൈനും ഫ്രാൻ ജോനാസും ഓരോ വിക്കറ്റും വീഴ്ത്തി. ദീപ്തി ശർമ്മയെ പരമ്പരയുടെ താരമായും സ്മൃതി മന്ദാനയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.