പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാര്‍ഥി; കത്ത് പുറത്തായതില്‍ മുരളിക്കും പങ്കോ?
സ്വന്തം ലേഖകന്‍
Tuesday, October 29, 2024 7:40 PM IST
കോഴിക്കോട്: പാലക്കാട് സ്ഥാനാര്‍ഥിയായി ഡിസിസി നേതൃത്വം തീരുമാനിച്ചത് തന്നെയാണെന്നു നേരത്തെ അറിഞ്ഞിരുന്നുവെന്ന കെ. മുരളീധരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.
തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ച കത്ത് തനിക്ക് വാട്സ് ആപ്പ് വഴി ഡിഡിസി അയച്ചുതന്നുവെന്നാണ് മുരളീധരന് വെളിപ്പെടുത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായതോടെ താന്‍ ആ കത്ത് പുറത്തുപോകാതിരിക്കാന്‍ വേണ്ടി ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും മുരളീധരന് പറയുന്നു.
കത്ത് പുറത്തുവന്നത് കെപിസിസി നേതൃത്വം അന്വേഷിക്കാനിരിക്കേയാണ് മുരളീധരന്റെ വെളിപ്പെടുത്തല്‍. എന്തായാലും കത്ത് പുറത്തുവന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് കെപിസിസിയുടെ തീരുമാനം. കത്ത് മുരളീധരന് വഴിയാണോ പുറത്തുപോയതെന്ന കാര്യവും നേതൃത്വത്തിന് പരിശോധിക്കേണ്ടിവരും.
രാഹുല്‍ മാങ്കൂട്ടത്തിലുമായി വലിയ അടുപ്പം പുലര്‍ത്താത്ത ആളാണ് മുരളീധരന്. നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ എതിര്‍ക്കുന്ന പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍ മുരളീധരനായി ചരടുവലിച്ചുവെന്നാണ് വ്യക്തമാകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം മല്‍സരരംഗത്തുനിന്നു മാറി നില്‍ക്കാനാണ് മുരളീധരന് ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ പാലക്കാട് മുരളീധരന് വലിയ വിജയസാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു ഡിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം അദ്ദേഹവുമായി സംസാരിക്കുകയും മുരളി സമ്മതം മൂളുകയും ചെയ്തു. പക്ഷെ, ഒടുവില്‍ ഷാഫി പറമ്പിലിന്റെ പൂര്‍ണ പിന്തുണയോടെ രാഹുല്‍ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു.