എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യയെ റിമാൻഡു ചെയ്തു
Tuesday, October 29, 2024 7:19 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ദിവ്യയെ തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്.
പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തീയതി വരെയാണ് റിമാന്‍ഡ്. കനത്ത പോലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്.
മജിസ്ട്രേറ്റിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതേസമയം പി.പി. ദിവ്യ ബുധനാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.
കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ദിവ്യയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെ കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പോലീസ് ചുമത്തിയത്. പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികൾ പോലീസിനു ലഭിച്ചിരുന്നു.