പാലക്കാട്ട് സിപിഎം-ബിജെപി ഡീലുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Tuesday, October 29, 2024 6:24 PM IST
കോട്ടയം: പാലക്കാട്ട് തനിക്ക് ലഭിക്കാൻ പോകുന്ന ഓരോ വോട്ടും 2026 -ൽ രൂപപ്പെടാൻ പോകുന്ന സിപിഎം - ബിജെപി മുന്നണി ബാന്ധവത്തിനെതിരേയാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരേ സിപിഎമ്മും ബിജെപിയും ചേർന്ന് അപരന്മാരെ രംഗത്തിറക്കിയിരിക്കുകയാണ്. ഇത് ഇരു പാർട്ടികളും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. പാലക്കാട്ടെ സിപിഎം, ബിജെപി സ്ഥാനാർഥികൾക്ക് അപരന്മാർ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പിന്തുണ തേടിയുള്ള സിപിഎം കത്തും പി.പി.ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും വാർത്തയാകുന്നത് മറയ്ക്കാൻ വേണ്ടിയാണ് പാലക്കാട് ഡിസിസിയുടെ പേരിൽ കത്ത് തനിക്കെതിരേ കത്ത് പുറത്തുവന്നത്.
തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചത് ഉൾപ്പടെ പാലക്കാട് ഡിസിസി നാല് കത്തുകൾ സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നത്. നിലവിൽ പാർട്ടിക്ക് പുറത്തുള്ള ചിലരാണ് ഇപ്പോൾ കത്തുകൾ പുറത്തുവിട്ടത്. താൻ സ്ഥാനാർഥിയായിരുന്നെങ്കിലും ഈ കത്തുകൾ പുറത്തുവരുമായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കാൻ വേണ്ടിയുള്ള ശ്രമം ബിജെപിയും സിപിഎമ്മും തമ്മിൽ നടത്തിയിരുന്നു. ഈ നീക്കുപോക്കിന്റെ തുടർച്ചയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നത്. വെള്ളാപ്പള്ളി നടേശൻ തനിക്ക് സന്ദർശനത്തിന് അനുമതി നിഷേധിച്ചതായി തന്നോട് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.