നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കും: മന്ത്രി കെ.രാജൻ
Tuesday, October 29, 2024 5:32 PM IST
കോഴിക്കോട്: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് മന്ത്രി കെ.രാജൻ. കേസിൽ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. വിശദമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീൻ ബാബുവിനെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായവും റവന്യൂ വകുപ്പിന്റെ അഭിപ്രായവും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ തന്നെ ഉറച്ച് നിൽക്കുന്നു. അന്വേഷണം നടക്കട്ടെ. സംഭവിച്ച കാര്യങ്ങൾ പകൽപോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്ന കാര്യമാണെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ കണ്ണപുരത്ത് വച്ച് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.