ലീഡിനായി പൊരുതി കേരളവും ബംഗാളും; രഞ്ജി മത്സരം സമനിലയിലേക്ക്
Tuesday, October 29, 2024 3:51 PM IST
കോൽക്കത്ത: രഞ്ജി ട്രോഫിയിൽ കേരളം- ബംഗാൾ മത്സരം സമനിലയിലേക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356 റൺസിനെതിരേ ബാറ്റിംഗിനിറങ്ങിയ ബംഗാൾ, ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്.
17 റൺസുമായി സുദീപ് കുമാര്‍ ഗരാമിയും ഒമ്പതു റൺസുമായി നായകൻ അനുസ്തൂപ് മജുംദാറുമാണ് ക്രീസില്‍. സുദീപ് ചാറ്റര്‍ജി (57), ശുവം ദേ (67), അവിലിന് ഘോഷ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. ആദിത്യ സര്‍വാതെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.
അവസാന ദിനമായ ഇന്ന് പുറത്താകാതെ പിടിച്ചുനില്‍ക്കാനാകും ബംഗാൾ ശ്രമിക്കുക. എന്നാൽ ബംഗാളിനെ അതിവേഗം പുറത്താക്കി ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കാനാണ് കേരളത്തിന്റെ ശ്രമം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവർക്ക് പോയിന്റ് ലഭിക്കുമെന്നതിനാൽ അതിനുള്ള പോരാട്ടമാണ് ഇനി നടക്കുക. മത്സരത്തിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിവസം അവസാന സെഷനില്‍ മാത്രമാണ് ടോസ് പോലും സാധ്യമായത്.
നേരത്തെ, ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 356 റൺസെന്ന നിലയിൽ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. 95 റണ്‍സുമായി പുറത്താകാതെ നിന്ന സല്മാന് നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന് (84), ജലജ് സക്സേന (84) എന്നിവരുടെ പ്രകടനമാണ് കേരളത്തിനെ തകർച്ചയിൽ നിന്നു കരകയറ്റി മികച്ച നിലയിലെത്തിച്ചത്.
ഏഴിന് 267 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനുവേണ്ടി സല്മാന് - അസ്ഹറുദ്ദീൻ സഖ്യം തകർത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 121 റണ്‍സ് കൂട്ടുകെട്ട് കേരളത്തെ 350 കടത്തി.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അസ്ഹറുദ്ദീനായിരുന്നു കൂടുതൽ അപകടകാരി. 97 പന്തിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടെ 84 റൺസെടുത്ത അസ്ഹറുദ്ദീന് പക്ഷേ അർഹിച്ച സെഞ്ചുറി നേടാനായില്ല. മുഹമ്മദ് കൈഫിന്റെ പന്തിൽ സുദീപ് കുമാർ ഖരാമിക്ക് പിടികൊടുത്ത് അസ്ഹർ മടങ്ങി.
പിന്നാലെയെത്തിയ എം.ഡി. നിതീഷ് (പൂജ്യം) വന്നപോലെ മടങ്ങി. ഇഷാൻ പോറലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഇതോടെ കേരളം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, സൽമാൻ നിസാർ സെഞ്ചുറിക്ക് അഞ്ചു റൺസകലെ നില്‍ക്കുമ്പോഴാണ് കേരളം കളിനിർത്തിയത്. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സല്‍മാന്റെ ഇന്നിംഗ്സ്.
ബംഗാളിന് വേണ്ടി ഇഷാന് പോറല്‍ 30 ഓവറിൽ 103 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തു. മുഹമ്മദ് കൈഫ്, പ്രദീപ്ത പ്രമാണിക്, സുരാജ് സിന്ധു ജെയ്സ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.