ഓസീസ് ക്രിക്കറ്റ് താരം മാത്യു വെയ്ഡ് വിരമിച്ചു; ഇനി പരിശീലകന്റെ റോളിൽ
Tuesday, October 29, 2024 1:05 PM IST
സിഡ്നി: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. അതേസമയം, ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തുടരുമെന്ന് 36 വയസുകാരനായ താരം വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ഓസ്ട്രേലിയൻ ടീമിന്റെ പരിശീലക സംഘത്തിൽ ചേരാനാണ് വെയ്ഡിന്റെ തീരുമാനം. പാക്കിസ്ഥാനെതിരേ നവംബർ നാലിന് ആരംഭിക്കുന്ന പരമ്പരയിൽ ഓസ്ട്രേലിയൻ പരിശീലക സംഘത്തിൽ വെയ്ഡും ഉണ്ടാകും.
13 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം തിരശീലയിട്ടത്. 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ട്വന്റി-20 മത്സരങ്ങളും ഓസീസിനായി കളിച്ചു. ടെസ്റ്റിൽ നാല് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും സഹിതം 1613 റൺസ് നേടിയിട്ടുണ്ട്. 117 റൺസാണ് ഉയർന്ന സ്കോർ.
ഏകദിനത്തിൽ ഒരു സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 1867 റൺസ് നേടി. 100 റണ്‍സാണ് മികച്ച സ്കോര്‍. ട്വന്റി-20 മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ചുറികൾ ഉൾപ്പെടെ 1,202 റൺസ് സ്വന്തമാക്കി. 80 റൺസാണ് ഉയർന്ന വ്യക്തിഗത സ്കോർ.
ഓസീസിനായി മൂന്ന് ട്വന്റി-20 ലോകകപ്പുകളിൽ കളിച്ച വെയ്ഡ് 2021-ൽ ടീമിനെ കിരീട നേട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഈ വർഷം ജൂണിൽ നടന്ന ഐസിസി ട്വന്റി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് വെയ്ഡ് അവസാനമായി ഓസ്ട്രേലിയൻ ജഴ്സി അണിഞ്ഞത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ദിവസങ്ങൾ അവസാനിച്ചതായി കരുതുന്നുവെന്ന് വെയ്ഡ് പ്രതികരിച്ചു. ഓസ്ട്രേലിയൻ താരങ്ങൾക്കും പരിശീലക സംഘത്തിനും നന്ദി പറയുന്നു. പുതിയ തലമുറയിലെ താരങ്ങളെ പരിശീലിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് വേളയിൽതന്നെ താൻ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇക്കാര്യം മുഖ്യസെലക്ടർ ജോർജ് ബെയ്ലി, പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും വെയ്ഡ് വ്യക്തമാക്കി.