വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീപ്പൊരി വീണെന്ന് ദൃക്സാക്ഷികൾ
Tuesday, October 29, 2024 8:03 AM IST
കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്സാക്ഷികൾ. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും ആളുകൾനിന്ന സ്ഥലവും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീണു.
ഷീറ്റ് ഇളകി തെറിച്ചു. ചിലയിടത്ത് ഭിത്തി അടർന്നു വീണു. മുൻ വർഷങ്ങളിലും ഇവിടെയാണ് വെടികോപ്പുകൾ സൂക്ഷിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നു. ക്ഷേത്രഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. തെയ്യം നടക്കുന്നതിന്റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയിൽ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ അടങ്ങിയ ബോക്സുകള്‍ സൂക്ഷിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി.
പടക്കങ്ങൾ പൊട്ടച്ചതിന് സമീപം തന്നെ പടക്കം സൂക്ഷിച്ചതാണ് അപകടകാരണമായത്. 100 മീറ്റർ അകലം വേണമെന്നാണ് നിയമം. എന്നാൽ രണ്ടോ മൂന്നോ അടിമാത്രം ദൂരത്തിലാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്നും സാമ്പിൾ ശേഖരിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.