നീലേശ്വരം അപകടം: 14 പേർ അതീവ ഗുരുതരാവസ്ഥയിൽ; ക്ഷേത്രം ഭാരവാഹികൾ കസ്റ്റഡിയിൽ
Tuesday, October 29, 2024 6:33 AM IST
കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
പടക്കം പൊട്ടിയതിന്റെ തീപ്പൊരി പടക്കശാലയിലേക്ക് വീണാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ154 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരുടെ നില അതീവ ഗുരുതരമാണ്.
തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ആശുപത്രി(16), സഞ്ജീവനി ആശുപത്രി(10), ഐശാൽ ആശുപത്രി (17), പരിയാരം മെഡിക്കൽ കോളജ് (അഞ്ച്), കണ്ണൂർ മിംസ്(18), കോഴിക്കോട് മിംസ് (രണ്ട്), അരിമല ആശുപത്രി (മൂന്ന്), കെഎഎച്ച് ചെറുവത്തൂർ (രണ്ട്), മൺസൂർ ആശുപത്രി (അഞ്ച്), ദീപ ആശുപത്രി (ഒരാൾ), മാംഗ്ലൂർ എജെ മെഡിക്കൽ കോളജ് (18) എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ മാറ്റിയത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ദീപിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
പടക്കങ്ങൾ പൊട്ടിച്ചതിന് സമീപം തന്നെ പടക്കം സൂക്ഷിച്ചതാണ് അപകടകാരണമായത്. 100 മീറ്റർ അകലം വേണമെന്നാണ് നിയമം. എന്നാൽ രണ്ടോ മൂന്നോ അടിമാത്രം ദൂരത്തിലാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്നും സാമ്പിൾ ശേഖരിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.