വയനാട്ടിൽ 16 പേർ മത്സരരംഗത്ത്
Monday, October 28, 2024 9:59 PM IST
വയനാട്: രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 16 പേർ മത്സര രംഗത്ത്. സഹോദരി പ്രിയങ്ക ഗാന്ധി ഉൾപ്പടെ 16 സ്ഥാനാർഥികളുടെ പത്രികകൾ വരണാധികാരി സ്വീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്നാണ് പൂർത്തിയായത്.
യുഡിഎഫിനായി പ്രിയങ്കയും എൽഡിഎഫിനായി സിപിഐയിലെ സത്യൻ മൊകേരിയും എൻഡിഎയ്ക്കായി ബിജെപിയിലെ നവ്യാ ഹരിദാസുമാണ് പോരാട്ടത്തിനിറങ്ങുന്നത്. പ്രിയങ്കയുടെ പത്രിക തള്ളണമെന്ന ബിജെപിയുടെ പരാതി വരണാധികാരി അനുവദിച്ചില്ല.
ഇവർക്കു പുറമേ ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ. സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി) എന്നിവരും സ്വതന്ത്ര സ്ഥാനാർഥികളായി അജിത്ത് കുമാര്‍, സി. ഇസ്മയില്‍ സബിഉള്ള, എ നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്, ആര്. രാജന്, രുഗ്മിണി, സന്തോഷ് ജോസഫ്, സോനു സിംഗ് യാദവ് എന്നിവരുടെയും പത്രികകൾ സ്വീകരിച്ചു.
വരണാധികാരിയും ജില്ലാ കലക്ടറുമായ ഡി ആര് മേഘശ്രീയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 30-നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.