ആർഷോ ക്ലാസിൽ കയറുന്നില്ല.., കാരണം അറിയിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് മഹാരാജാസ് കോളജ്
Monday, October 28, 2024 5:02 PM IST
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ കോളജിൽ ഹാജരാകുന്നില്ലെന്ന് മഹാരാജാസ് കോളജ്. ക്ലാസിൽ കയറാത്തതിന്റെ കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽനിന്നും പുറത്താക്കുമെന്നു ചൂണ്ടിക്കാട്ടി ആർഷോയുടെ മാതാപിതാക്കൾക്ക് കോളജ് പ്രിൻസിപ്പൽ നോട്ടീസ് നൽകി.
ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് ആർഷോ. അതേസമയം എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചു.
ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ ആറ് സെമസ്റ്ററിനുശേഷം വിദ്യാർഥികൾക്ക് എക്സിറ്റ് ഓപ്ഷൻ എടുക്കാൻ സാധിക്കും. എന്നാൽ ആറ് സെമസ്റ്ററും കൃത്യമായി പാസാകുകയും ഹാജർ ഉണ്ടാകുകയും ചെയ്താൽ മാത്രമേ വിദ്യാർഥിക്ക് എക്സിറ്റ് ഓപ്ഷൻ നൽകുക.
എന്നാൽ ആർഷോ പരീക്ഷ കൃത്യമായി പാസായിട്ടില്ല. ഇതോടെ കോളജ് അധികൃതർ സർവകലാശാലയോട് ഇക്കാര്യത്തിൽ അഭിപ്രായം തേടിയിട്ടുണ്ട്. ഡിഗ്രിയുടെ തുടർച്ചയായി പഠിക്കുന്നതാണ് ഇന്റഗ്രേറ്റഡ് പിജി കോഴ്സ്.