കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ഓടുന്നതിനിടെ കത്തി
Monday, October 28, 2024 3:38 PM IST
കൊച്ചി: എംജി റോഡിൽ ഈയാട്ടുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസ് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. 30 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ആരും പരിക്കേൽക്കാതെ രക്ഷപെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ പിൻഭാഗം പൂർണമായും കത്തിനശിച്ചു.
ഓട്ടത്തിനിടെ ഫയർ അലാം ലഭിച്ചതിനാൽ ഡ്രൈവർ റോഡ് വശത്തേക്ക് വാഹനം ഒതുക്കാൻ ശ്രമിച്ചു. ഇതിനിടെ ബസിന്റെ പിൻഭാഗത്ത് തീപടർന്നു. തീപിടിച്ചതോടെ പിന്നിലെ ചില്ലുകൾ പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ തീ പടരുന്നതിന് മുൻപ് യാത്രക്കാർ പുറത്തിറങ്ങിയത് ദുരന്തം ഒഴിവാക്കി.
ഗാന്ധിനഗർ, ക്ലബ് റോഡ് എന്നിവടങ്ങളിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു.