അർധസെഞ്ചുറി കോട്ടകെട്ടി സക്സേനയും നിസാറും; കരകയറി കേരളം
Monday, October 28, 2024 3:37 PM IST
കോൽക്കത്ത: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരേ വൻ തകർച്ചയിൽ നിന്നു കരകയറി കേരളം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 230 റൺസെന്ന നിലയിലാണ് സന്ദർശകർ. 54 റൺസുമായി സൽമാൻ നിസാറും രണ്ടു റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ.
ഉച്ചഭക്ഷണത്തിനു മുമ്പ് ആറിന് 83 റൺസെന്ന നിലയിൽ തകർന്ന കേരളത്തെ അർധസെഞ്ചുറി നേടിയ ജലജ് സക്സേനയും (84) സൽമാൻ നിസാറും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് കരകയറ്റിയത്. ബംഗാളിനു വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ പോറലിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് സന്ദർശകരെ തകർത്തത്.
നേരത്തെ, നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോര്‍ 78ല്‍ നില്‍ക്കെ സച്ചിനെ (12) പോറല്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ അക്ഷയ് ചന്ദ്രനെയും (31) പോറല്‍ പുറത്താക്കിയതോടെ കേരളം ആറിന് 83 റൺസെന്ന നിലയിലേക്ക് വീണു.
തുടർന്ന് ക്രീസിൽ ഒന്നിച്ച ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് സ്കോർ 200 കടത്തി. ഏഴാം വിക്കറ്റിൽ ഇരുവരും 140 റൺസിന്റെ വിലയേറിയ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
സ്കോർ 223 റൺസിൽ നില്‍ക്കെ, സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ജലജ് സക്സേനയെ പുറത്താക്കി സുരാജ് സിന്ധു ജെയ്സ്വാൾ ബംഗാളിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 162 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു സക്സേനയുടെ 84 റൺസ്.
16 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് ഇഷാൻ പോറലിന്റെ അഞ്ചുവിക്കറ്റ് പ്രകടനം. പ്രദീപ്ത പ്രമാണിക്, സുരാജ് സിന്ധു ജെയ്സ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, മഴമൂലം ആദ്യ ദിനം പൂര്‍ണമായും രണ്ടാം ദിനം രണ്ട് സെഷനുകളും നഷ്ടമായിരുന്നു.