"ഈ സ്നേഹത്തിന് കടപ്പാട്': പാർലമെന്റിൽ വയനാടിന്റെ ശബ്ദമായി മാറും, കൈവിടില്ലെന്നും പ്രിയങ്ക
Monday, October 28, 2024 3:18 PM IST
കൽപ്പറ്റ: വയനാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുമെന്ന് പ്രിയങ്ക ഗാന്ധി. വയനാടിന്റെ സ്നേഹത്തിന് കടപ്പാടുണ്ടെന്നും മീനങ്ങാടിയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക പറഞ്ഞു.
വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വയനാട്ടുകാർ. എല്ലാവരും മതസൗഹാർദത്തോടെ ജീവിക്കുന്ന നാടാണിത്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. ഇവിടെ മൂല്യങ്ങൾ ശക്തമാണ്. നിങ്ങൾ തുല്യതയിലും സാമൂഹികനീതിയിലും വിശ്വസിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ചൂരൽമലയിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ തനിക്കു മനസിലായി. ദുരന്തത്തിൽ മനുഷ്യൻ പരസ്പരം സഹായിച്ചു. ആരും അത്യാഗ്രഹത്തോടെ പെരുമാറുന്നത് കണ്ടില്ല. കുട്ടികൾ അടക്കം അത്മാഭിമാനത്തോടെ പെരുമാറിയെന്നും പ്രിയങ്ക ഓർമിച്ചു.
തുടർന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം വയനാട്ടിലെത്തിയപ്പോൾ ത്രേസ്യാമ്മയെ കണ്ട അനുഭവവും പങ്കുവച്ചു. ത്ര്യേസാമ്മ ആലിംഗനം ചെയ്തപ്പോൾ സ്വന്തം അമ്മ ചേർത്തുപിടിച്ചപോലെയായിരുന്നു. ആ അമ്മയുടെ കൈയിലുണ്ടായിരുന്ന കൊന്ത എനിക്കുതന്നിട്ടു പറഞ്ഞു, ഇത് നിങ്ങളുടെ അമ്മയ്ക്കു കൊടുക്കണമെന്ന്. വയനാട്ടിലേക്ക് കാലെടുത്തുവച്ചപ്പോൾ തന്നെ എനിക്കൊരു അമ്മയെ കിട്ടി. അങ്ങനെയൊരു സ്നേഹമാണ് വയനാട് എനിക്കു തന്നത്.
വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുശേഷം ഡൽഹിയിലെ മദർ തെരേസയുടെ സ്ഥാപനത്തിൽ ഞാൻ പ്രവർത്തിച്ചിരുന്നു. അവിടുത്തെ കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിച്ചു. ഈ കാര്യം ആദ്യമായാണ് ഞാനൊരു പൊതുവേദിയിൽ പറയുന്നത്. ഒന്നുമില്ലാത്തവരുടെ ബുദ്ധിമുട്ടെന്താണ് മദറിന്റെ സ്ഥാപനത്തിൽ പ്രവർത്തിച്ച സമയത്ത് തനിക്കു മനസിലായെന്നും പ്രിയങ്ക പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രിയങ്ക ന്യൂനപക്ഷങ്ങൾക്കെതിരേ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യമാണ്. നമ്മൾ പോരാടുന്നത് തുല്യതയ്ക്കായാണ്. ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടും.
മണിപ്പുരിൽ ഉൾപ്പടെ ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കൻ ആണ് ഓരോ നയങ്ങളും രൂപീകരിക്കുന്നത്. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക വിമർശിച്ചു.
കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആരോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. മനുഷ്യമൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ എല്ലാം ഞാൻ മനസിലാക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ തനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാവരും കുറ്റം പറഞ്ഞപ്പോൾ വയനാട് രാഹുലിനെ ചേർത്തുപിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നൽകിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുൽ കാണുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വയനാട്ടിൽ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങൾ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ജയിപ്പിച്ചാൽ താൻ സാധ്യമായ അത്രയും പ്രയത്നിക്കും. പാർലമെന്റിൽ നിങ്ങളുടെ ശബ്ദമായി മാറും. തന്നെ വിശ്വസിക്കാം, കൈവിടില്ലെന്നും പ്രിയങ്ക പറഞ്ഞു.
താളൂർ നീലഗിരി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് പ്രിയങ്കയെത്തിയത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
മീനങ്ങാടിക്കു ശേഷം ഇനി പനമരം, പൊഴുതന എന്നിവിടങ്ങളിലും യോഗങ്ങൾ നടക്കും. ചൊവ്വാഴ്ച ഈങ്ങാപ്പുഴ, തെരട്ടമ്മൽ, മമ്പാട്, ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടർന്ന് ഡൽഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടിൽ വീണ്ടുമെത്തും.