ദിവ്യയെ അറസ്റ്റു ചെയ്യണം; കണ്ണൂരിൽ ബിജെപി മാർച്ചിൽ സംഘർഷം
Monday, October 28, 2024 12:52 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം.
ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കമ്മീഷണർ ഓഫീസിനു മുന്നിൽ മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.
പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനുപിന്നാലെ ബിജെപി പ്രവർത്തകർ കളക്ടറേറ്റിനു മുന്നിലെ പ്രധാന റോഡ് ഉപരോധിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി.
പിന്നീട് പ്രകാശ് ബാബു, ഹരിദാസ് തുടങ്ങിയ നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. പ്രദേശത്ത് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.