വിനോദയാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്
Monday, October 28, 2024 12:32 PM IST
ചെറായി: വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുകളിൽ ഒന്ന് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റുകളിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്. ഇന്നു രാവിലെ ആറോടെ വൈപ്പിൻ സംസ്ഥാന പാതയിൽ ചെറായി സഹോദരൻ സ്മാരക ഹൈസ്കൂളിനു വടക്കുവശത്താണ് അപകടമുണ്ടായത്.
ഞാറക്കൽ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽനിന്നും പുലർച്ചെ കൊടൈക്കനാലിലേക്ക് പോയ രണ്ട് ബസുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. 35 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്.
വിദ്യാർഥികളായ ആദർശ് ദേവ് (17), ആരോമൽ അനിൽകുമാർ (17), ലതാ ജോൺസൺ (17), ആന്റോ സിബി (17), അഞ്ജന പ്രമോദ് (17) എന്നിവർക്കും രണ്ട് അധ്യാപകർക്കും ബസ് ക്ലീനർക്കുമാണ് പരിക്കേറ്റത്. ഇവരിൽ വിദ്യാർഥികളെയും ഒരു അധ്യാപകനെയും കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ബസ് ക്ലീനറെയും ഒരു അധ്യാപകനെയും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
തെക്കുനിന്ന് വടക്കോട്ടേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ടാങ്കർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ടതെന്ന് പറയുന്നു. ആദ്യം ഇരുമ്പു പോസ്റ്റിലിടിച്ച ശേഷം മുന്നോട്ടു പോയ ബസ് അടുത്ത കോൺക്രീറ്റ് പോസ്റ്റും തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. പിന്നാലെ വന്ന രണ്ടാമത്തെ ബസിലെ വിദ്യാർഥികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.