വയനാടിന്റെ പ്രിയങ്കരിയാവാൻ..., തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പ്രിയങ്ക ഗാന്ധിയെത്തി
Monday, October 28, 2024 12:12 PM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി വയനാട്ടിലെത്തി. ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രിയങ്ക പ്രസംഗിക്കും.
ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിൽ ഉച്ചയ്ക്ക് നടക്കുന്ന കോർണർ യോഗമാണ് പ്രിയങ്കയുടെ വയനാട്ടിലെ ആദ്യപരിപാടി. തുടർന്ന് 2.30ന് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും വൈകുന്നേരം 4.30നു കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പൊഴുതനയിലും പ്രിയങ്ക പൊതുയോഗത്തിൽ പ്രസംഗിക്കും.
ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവന്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മൽ, വൈകുന്നേരം മൂന്നിന് വണ്ടൂർ നിയോജകമണ്ഡലത്തിലെ മന്പാട്, 4.30നു നിലന്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിൽ കോർണർ യോഗങ്ങളിൽ പ്രിയങ്ക പ്രസംഗിക്കും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.