കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരേ ചുമത്തിയ യുഎപിഎ ഒഴിവാക്കി
Monday, October 28, 2024 11:19 AM IST
കൊച്ചി: കളമശരി കണ്വെന്ഷന് സെന്റർ സഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് വിലയിരുത്തൽ.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരേ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 29ന് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു.
കേസിലെ ഏകപ്രതി തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിനെതിരേ യുഎപിഎ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന്, വിചാരണ നടപടികൾക്കായി കേസ് കളമശേരി മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.