തേങ്കുറിശിയിലെ ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്
Monday, October 28, 2024 11:17 AM IST
പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി ആർ.വി. വിനായക റാവുവാണ് വിധി പറഞ്ഞത്.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ. സുരേഷ് കുമാർ (45) എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികൾക്ക് അരലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. പിഴത്തുക ഭാര്യ ഹരിതയ്ക്ക് നൽകണം.
2020 ഡിസംബർ 25ന് വൈകുന്നേരം ആറരയോടെയാണ് അനീഷിനെ (25) വെട്ടിക്കൊലപ്പെടുത്തിയത്. സാന്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സന്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ചു വിവാഹംചെയ്തതിനാണു വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.