അഞ്ചു റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടം; കേരളത്തിന് കൂട്ടത്തകർച്ച
Sunday, October 27, 2024 6:53 PM IST
കോല്‍ക്കത്ത: ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന് ബേബിയും ഒമ്പത് റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് കൂട്ടത്തകര്‍ച്ച നേരിട്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും രോഹന് കുന്നുമ്മലും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടർന്ന് അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി.
വത്സല്‍ ഗോവിന്ദ്, രോഹന് എസ്. കുന്നുമ്മല്‍, ബാബാ അപരാജിത്. ആദിത്യ സര്‍വാതെ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഇന്നിംഗ്സിൽ കേരളത്തിന് നഷ്ടമായത്. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ആദ്യ ദിന പൂര്‍ണമായും നഷ്ടമായ മത്സരത്തിന്റെ രണ്ടാം ദിനം അവസാന സെഷനില്‍ മാത്രമാണ് കളി നടന്നത്.
ബംഗാളിനായി ഇഷാന് പോറല്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഏഴ് പോയിന്റും മൂന്നാമതുള്ള ബംഗാളിന് നാലു പോയിന്റുമാണുള്ളത്. രണ്ട് കളികളില്‍ 10 പോയിന്റുമായി ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്.