ദ്രാവിഡ മോഡൽ പറഞ്ഞ് ഡിഎംകെ പറ്റിക്കുന്നു; തമിഴ്നാടിനെ ഇളക്കി മറിച്ച് "ഇളയ ദളപതി'
Sunday, October 27, 2024 6:10 PM IST
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം നടത്തി. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലെ സമ്മേളന വേദിയിൽ ലക്ഷകണക്കിന് അണികളെ സാക്ഷി നിർത്തി വിജയ് പാർട്ടി പതാക ഉയർത്തി. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.
സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടേറിയറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും.
കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു. കർഷകർക്കും ഉപഭോക്താക്കൾക്കുമിടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കർഷകർക്ക് അവരുടെ വിളയ്ക്ക് മികച്ച വില ഉറപ്പാക്കുമെന്നും പ്രമേയത്തിൽ പറയുന്നു. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തും.
ആരുടെയും എ ടീമും ബിടീമും ആകാൻ തങ്ങളുടെ പാർട്ടിയെ കിട്ടില്ല. രാഷ്ട്രീയം മാറണമെന്നും അല്ലെങ്കിൽ മാറ്റിടുമെന്നും വിജയ് പറഞ്ഞു. ദ്രാവിഡ മോഡൽ എന്നു പറഞ്ഞ് ഡിഎംകെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഡിഎംകെ തമിഴ്നാടിനെ കൊള്ളയടിക്കുകയാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ സീറ്റിലും ടിവികെയ്ക്ക് സ്ഥാനാർഥി ഉണ്ടാകും.
എല്ലാവരും തങ്ങൾക്ക് വോട്ട് ചെയ്യണമെന്നും വിജയ് അഭ്യർഥിച്ചു. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം.
ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള് വിജയിക്ക് സമ്മാനിച്ചു.