പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല; കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് സതീശൻ
Sunday, October 27, 2024 3:02 PM IST
പാലക്കാട്: തൃശൂർ പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചു. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു.
സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയതെന്നും സതീശൻ വ്യക്തമാക്കി.
അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൊടുക്കാനാവില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.