പൂരം കലക്കൽ: മുഖ്യമന്ത്രി പറഞ്ഞതിൽ വൈരുധ്യമില്ലെന്ന് മന്ത്രി കെ. രാജൻ
Sunday, October 27, 2024 12:06 PM IST
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതിൽ വൈരുധ്യമില്ലെന്ന് മന്ത്രി കെ. രാജൻ. നേരത്തെ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്നു തന്നെ. സിപിഐ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരത്തെ സംബന്ധിച്ച് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതുബന്ധിച്ച് പ്രതികരിക്കാനില്ല. അന്വേഷണ റിപ്പോർട്ട് കൃത്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജൻ പറഞ്ഞു.
തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് അല്‍പ്പം വൈകിയതാണോ പൂരം കലക്കലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.
പൂരം നടക്കേണ്ടതുപോലെ നടന്നിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പൂരം നടത്താൻ ചിലർ സമ്മതിച്ചില്ല. പൂരം കലങ്ങിയതിനു പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.