തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന വാദം തെറ്റ്; മുഖ്യമന്ത്രിയെ തള്ളി തിരുവന്പാടി ദേവസ്വം
Sunday, October 27, 2024 11:45 AM IST
തൃശൂർ: തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് അല്‍പ്പം വൈകിയതാണോ പൂരം കലക്കലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി തിരുവന്പാടി ദേവസ്വം. പൂരം കലക്കിയിട്ടില്ലെന്ന വാദം തെറ്റാണെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. പൂരത്തിന്റെ ഘടനയെ ടോർപ്പിഡോ വച്ച് തകർത്തുവെന്നും ഗിരീഷ് കുറ്റപ്പെടുത്തി.
സിപിഐയും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തള്ളി രംഗത്തെത്തി. തൃശൂർ പൂരം കലക്കിയതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പൂരം നടക്കേണ്ടതുപോലെ നടന്നിട്ടില്ല. നടത്താൻ ചിലർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലങ്ങിയതിനു പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം കലങ്ങിയെന്ന് സംഘപരിവാറും മുസ്ലിം ലീഗും ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂരം കലങ്ങിയോ ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെപോയോ? സംഭവിച്ചതു വെടിക്കെട്ട് തുടങ്ങാന്‍ അല്‍പ്പം വൈകിയതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍. പൂരം കലങ്ങിയെന്നു പ്രചരിപ്പിക്കാന്‍ ലീഗിനെന്തിനാണു സംഘപരിവാറിനേക്കാള്‍ ആവേശമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.