ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമെന്ന് സുരേന്ദ്രൻ
Sunday, October 27, 2024 11:01 AM IST
പാലക്കാട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മഅദനിയെ ഏറ്റവും കൂടുതൽ പിന്തുണച്ചത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷിയായ ലീഗിനെ ദുർബലപ്പെടുത്താനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. വോട്ടർമാരെ കബളിപ്പിക്കാനാണ് ലീഗ് വിരോധം പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയ്ക്ക് അഭയം കൊടുത്തത് എകെജി സെന്ററിലാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ദിവ്യയെ അറസ്റ്റ് ചെയ്യാൻ കേരള പോലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ അറസ്റ്റ് ചെയ്താൽ സിപിഎമ്മിലെ ഉന്നതന്റെ ഇടപാടുകൾ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാർട്ടിക്കെന്നും സുരേന്ദ്രൻ വ്യക്തമാക്കി.