എൻ.എൻ.കൃഷ്ണദാസിനെ നിലയ്ക്ക് നിർത്തണം; എം.വി.ഗോവിന്ദന് കത്തെഴുതി കെയുഡബ്ല്യുജെ
Saturday, October 26, 2024 9:25 PM IST
തിരുവനന്തപുരം: എൻ.എൻ. കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിർത്താനും തയാറാവണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്തെഴുതി. മാധ്യമങ്ങൾ പട്ടികളെപ്പോലെ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിലും മാന്യമായ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലാത്ത വിധത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും കത്തിൽ പറയുന്നു. ഏത് രാഷ്ട്രീയ പാർട്ടിയെയും ശരിതെറ്റുകൾ നോക്കി മാത്രം സമീപിക്കുന്ന മാധ്യമങ്ങൾ തുടരുന്ന സ്വതന്ത്ര നിലപാടാണ് കേരളത്തിന്റെ ജനാധിപത്യ ബോധത്തെ ശക്തമായി നിലനിർത്തുന്നത്.
ഈകാര്യം ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾ തന്നെ എക്കാലവും ആവർത്തിച്ച് അംഗീകരിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പ് പോരാട്ട മുഖത്ത് നിൽക്കുന്ന സന്ദർഭത്തിൽ മാധ്യമ പ്രവർത്തകരെ തെരുവിൽ ഇറക്കുന്നത് എത്രമാത്രം ഉചിതമായിരിക്കും എന്നും നേതൃത്വം ആലോചിക്കേണ്ടതുണ്ടെന്നും കെയുഡബ്ല്യുജെ ഓര്‍മ്മിപ്പിച്ചു.