എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം
Saturday, October 26, 2024 7:30 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വോഷണം നേരിടുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയിൽ പ്രമേയം. കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു കളക്ടർ പ്രമേയം അംഗീകരിച്ചത്.
എഡിഎമ്മിന്റെ നിര്യാണത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന ആവശ്യം ഉയർന്നു.
എന്നാൽ യോഗത്തിൽ പങ്കെടുത്ത കെ.പി.മോഹനൻ എംഎൽഎ ഇതിനെ എതിർക്കാൻ ശ്രമിച്ചതോടെ ബഹളമായി. തുടർന്ന് പ്രമേയമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അജണ്ടയുടെ ഭാഗമായി ഉൾപ്പെടുത്താമെന്ന് കളക്ടർ സമ്മതിക്കുകയായിരുന്നു. ജില്ലാ വികസന സമിതിയിലെ പ്രമേയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കളക്ടർ അറിയിച്ചു.
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തുമെന്ന കാര്യം കളക്ടർക്ക് അറിയാമായിരുന്നു എന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും താൻ തുടരണോ എന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെ എന്നും കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു.